choose your color

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഐ.എ.എസ്. പരിശീലനത്തിനായി ‘ചിത്രശലഭം’ പദ്ധതി

blog image

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഐ.എ.എസ്. പരിശീലനത്തിനായി ‘ചിത്രശലഭം’ പദ്ധതി

കോട്ടയം: പ്രമുഖ സാംസ്‌ക്കാരിക-ജീവകാരുണ്യ സംഘടനയായ ശാന്തിനികേതന്‍ കേരള ഫോറം, തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അബ്‌സൊല്യൂട്ട് ഐ.എ.എസ്. അക്കാദമിയുമായി ചേര്‍ന്ന് അന്ധതയും, ബധിരതയും, ഓര്‍ത്തോപീഡിക് വൈകല്യങ്ങളുമുള്ള 25 വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷയില്‍ സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം നല്‍കുന്നു.  ‘ചിത്രശലഭം’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഒരു ലക്ഷത്തി പതിനായിരം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ലഭിക്കുന്നത്.

സിവില്‍ സര്‍വ്വീസ് പരിക്ഷ മുഴുവനും മലയാളത്തിലെഴുതുവാനും, ഇന്റര്‍വ്യൂ മലയാളത്തിലെടുക്കുവാനുമുള്ള അവസരം 1964 മുതല്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇതിനു വേണ്ട പുസ്തകങ്ങളോ, പരിശീലനം നല്‍കുവാന്‍ സ്ഥാപനങ്ങളോ ലഭ്യമല്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് പത്തുവര്‍ഷം നീണ്ട ശ്രമങ്ങളുടെ ഫലമായി ജോബിന്‍ എസ്. കൊട്ടാരം സിവില്‍ സര്‍വ്വീസ് പരീക്ഷ മുഴുവനും മലയാളത്തിലെഴുതുന്നതിനു വേണ്ട പുസ്തകങ്ങള്‍ തയ്യാറാക്കിയത്. മലയാള ഭാഷയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വ്വീസിലൂടെ നേതൃരംഗത്തേക്ക് ഉയര്‍ത്തുക, സമൂഹത്തില്‍ ബഹുസ്വരത നടപ്പിലാക്കുക എന്നീ ആശയങ്ങളിലൂന്നി പ്രാവര്‍ത്തികമാക്കുന്ന ‘ചിത്രശലഭം’ പദ്ധതിയുടെ ഫോറം അക്കാദമിക് കോര്‍ഡിനേറ്റര്‍ ശാന്തിനികേതന്‍ കേരള ഫോറം ഡയറക്ടര്‍ കൂടിയായ ജോബിന്‍ എസ്. കൊട്ടാരമാണ്.

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുമായുള്ള പ്രതിവാര സംഗമം, എഴുത്തുപരിശീലനം, സ്‌ക്രീന്‍ റീഡര്‍ അടക്കമുള്ള ടെക്‌നോളജി ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനം, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ട്രെയ്‌നിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും.  62 ശതമാനം ശാരീരിക വൈകല്യത്തെയും, സ്‌കോളിയോസിസ് എന്ന മാരക രോഗത്തെയും അതിജീവിച്ച് 2014 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഇറാ സിംഗാള്‍ ഐ.എ.എസ്. ‘ചിത്രശലഭം’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് പദ്ധതിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടനവും ഇറാ സിംഗാള്‍ നിര്‍വ്വഹിക്കും.

മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍, സമുദായ നേതാക്കള്‍ തുടങ്ങിയവര്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ശുപാര്‍ശ ചെയ്യാവുന്നതാണ്.  9447259402 എന്ന നമ്പരിലോ, www.absoluteiasacademy.com എന്ന വെബ്‌സൈറ്റിലോ സ്‌കോളര്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

All Comments

  1. KAJAHUSSAN. N November 5, 20219:14 amReply

    ബഹുമാനപ്പെട്ട സർ ,

    ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുന്ന Orthopaedically Handicapped വ്യക്തികൾക്ക് civil servise examination നു അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ പരിധി എത്രയാണ് ?
    ( 42 വയസ്സ് ആണോ,+ഒ ബി സി 3 years ഉൾപ്പെടെ 45 വയസ്സ് ആണോ ) വ്യക്തമായ മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *